Friday, October 2, 2015

കളക്ടര്‍ ബ്രോ പോസ്റ്റിട്ടു ബഡ്ഡീസ് കടപ്പുറം ക്ലീനാക്കി: Bignewslive

കോഴിക്കോട്:ചുമ്മാ തിരയെണ്ണാന്‍ വരുമ്പോള്‍ കാലില്‍ തട്ടുന്ന പ്ലാസ്റ്റിക്‌ബോട്ടില്‍ കൈകൊണ്ടു തൊടാത്തവരായിരുന്നു കോഴിക്കോട്ടെ യൂത്ത്.പക്ഷെ അവരുടെ സ്വന്തം കളക്ടര്‍ ബ്രോ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടു.
”കോഴിക്കോട് കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന ഒരു പൊതുസ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയല്ലതാനും. വേണമെങ്കില്‍ നമുക്കു അശ്രദ്ധമായി പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നവരാണോ വൃത്തിയാക്കാന്‍ ഉത്തരവാദപ്പെട്ടവരാണോ കൂടുതല്‍ ഉത്തരവാദികള്‍ എന്നതിനെക്കുറിച്ച് തര്‍ക്കിക്കാം.
അതിനു പകരം ഈ വെള്ളിയാഴ്ച്ച ഗാന്ധി ജയന്തി ദിവസം രാവിലെ ഒരു 10 മണിക്ക് നമ്മളെല്ലാവരും കടപ്പുറത്ത് ഇറങ്ങി ഒന്നു മൊത്തത്തില്‍ വൃത്തിയാക്കുന്നു. എന്താ? വൃത്തിയാക്കിയാല്‍ അടുത്ത ദിവസമാവുമ്പോഴേക്കും വീണ്ടും പഴയ പോലെ ആവില്ലേ എന്ന് ഒരു ചോദ്യമുണ്ട്. അങ്ങനെ ആവാതിരിക്കാന്‍ എന്തു ചെയ്യണമെന്നും നമ്മള്‍ ആലോചിക്കണം. വീട്ടിലിരുന്ന് ആലോചിച്ച് അഭിപ്രായം പറയുന്നതിനെക്കാള്‍ ഭംഗി വെള്ളിയാഴ്ച്ച രാവിലെ കടപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം പറയുന്നതാവും അല്ലേ?”
സംഗതി വൈറല്‍ ആയി. ഇന്നു രാവിലെ കടപ്പുറം ന്യുജെന്മാരെക്കൊണ്ട് നിറഞ്ഞു. എല്ലാവരും കൈ മെയ് മറന്നു പണിയെടുത്തു. കടപ്പുറം ക്ലീന്‍. നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ക്ക് പകരം ഹൃദയം കൊണ്ട് സംവദിക്കുമ്പോഴാണ് ഒരു ഭരണാധികാരി വിജയിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട്ടെ കലക്ടര്‍ എന്‍ പ്രശാന്ത്.
Author: Bignewslive
Original Article

No comments:

Post a Comment